For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Saturday, 19 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 11:1-4
ഹെബ്രാ 13:9-16
ദൈവമനുഷ്യബന്ധം 
തന്നില്‍ വിശ്വസിച്ചവര്‍ക്കും വിശ്വസിക്കാനിരിക്കുന്നവര്‍ക്കും പ്രാര്‍ഥിക്കാനൊരു മാതൃക ഈശോ നല്‍കിയിരിക്കുന്നു. വാക്കുകളുടെ ഗാംഭീര്യം ഒന്നും അതിനില്ല. പകരം ബന്ധത്തിലെ ആര്‍ജ്ജവത്വം പ്രാര്‍ത്ഥനയെ ഉദാത്തമാക്കുന്നു. ഞാന്‍ ആരോടാണ് പ്രാര്‍ഥിക്കുന്നത്, ആരുടെ മുന്നിലാണ് ആയിരിക്കുന്നത് ഇതെല്ലാം പ്രധാനമെന്ന് ഈശോയുടെ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു. ഇനിയെങ്കിലും ഒന്ന് ഉള്ളു തുറന്നു പ്രാര്‍ഥിക്കാമോ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍.     

Friday, 18 November 2011

അനുദിന വചനവിചിന്തനം

യോഹ 4:43-54
യൂദാ 17-25
ശരിയായ വിശ്വാസത്തിലേക്ക് 
അടയാളങ്ങള്‍ കണ്ടാലല്ലേ നിങ്ങള്‍ വിശ്വസിക്കൂ? ഗുരുവിന്‍റെ ചോദ്യത്തിന് മുന്‍പില്‍ മറ്റൊന്നും പറയാനില്ല. കാരണം, ഇത്രയും പേര്‍ അവന്‍റെ പക്കല്‍ വന്നതിനു മറ്റു കാരണമൊന്നും ഉണ്ടാവാന്‍ തരമില്ല. എന്നാലും തന്‍റെ കാര്യം ഉണര്‍ത്തിക്കാം. "നിന്‍റെ മകന്‍ ജീവിക്കും".ഗുരുമൊഴി. മതി, അതുമതി. അതും വിസ്വസിച്ചുള്ള യാത്ര ഫലദായകമായി. അബ്രാഹത്തെപോലെയുള്ള ഈ യാത്രയ്ക്ക് നാമും തയ്യാരാകേണ്ട സമയമായി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
 ജോണ്‍സനച്ചന്‍.    

Thursday, 17 November 2011

അനുദിന വചനവിചിന്തനം


ലൂക്കാ  22:24-30
3 യോഹ   5-12
വലിയവനും ചെറിയവനും അധികാരവും 
എല്ലാം വിജയിച്ചു കടന്നുപോകുന്നവന്‍റെ അണികള്‍ക്ക് ഉല്‍ക്കണ്ടപ്പെടാന്‍ ഒന്നേയുള്ളൂ. ഇനി ഇത് ഇതുപോലെ തുടര്‍ന്നുകൊണ്ടു പോകാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക? അതുകൊണ്ട് ഒന്നാമനെ കണ്ടെത്തുക. കടന്നുപോകുന്നവനെയോ, അവന്‍റെ ചൈതന്യമോ അറിയാതെ, അവന്‍റെ പ്രവര്‍ത്തനങ്ങളെ മാത്രം അറിഞ്ഞവന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ മനുഷ്യന്‍റെ മുന്‍പില്‍ വിജയിക്കും. പക്ഷെ, ദൈവതിരുമുന്‍പില്‍ പരാജിതനായിരിക്കും. പലര്‍ക്കും നേതൃത്വവും അധികാരവും മതി. എന്നാല്‍, അവയിലൂടെ പൂര്‍ത്തിയക്കപ്പെടെണ്ട നിയോഗങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് പല പ്രസ്ഥാനങ്ങളും സമൂഹങ്ങളും സംഘടനകളും കെട്ടുപോകുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
യേശുവില്‍ 
ജോണ്‍സനച്ചന്‍.     

Wednesday, 16 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 10:17-20
ഗലാ 4:12-20
വിജയമല്ല, വിശ്വസ്തതയാണ്
നിന്‍റെ കഴിവുകളുടെ ഉപയോഗത്തിലെ വിജയം നല്‍കുന്ന ആഹ്ലാദം അമിതമാകണ്ട. കാരണം, അത് തമ്പുരാന്‍ നിനക്ക് ദാനമായി നല്‍കിയതാണ്. എന്നാല്‍, അവയുടെ വിശ്വസ്തതയോടെ ഉള്ള വിനിയോഗം അത് നിന്‍റെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടാന്‍ കാരണമാകും. വിജയമല്ല, വിശ്വസ്തതയാണ് തമ്പുരാന്‍ ആഗ്രഹിക്കുന്നത്. പരാജയപ്പെട്ടാലും അവിശ്വസ്തനാകരുത്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍. 

Tuesday, 15 November 2011

അനുദിന വചനവിചിന്തനം

ലൂക്കാ 10;8 -16
2 കൊറീ 11:6-21
എന്തുകൊണ്ട് നിനക്ക് ദുരിതം?
ദൈവത്തിന്‍റെ കാരുണ്യം അറിഞ്ഞവരും അനുഭവിച്ഛവരും അനുതപിച്ച് അവന്‍റെ പക്കലെത്തുന്നില്ലെങ്കില്‍ അവനു ദുരിതമല്ലാതെ മറ്റെന്താണ് ലഭിക്കുക? അറിയാത്തവന്‍റെ തെറ്റിനേക്കാള്‍ എത്രയോ കഠിനവും ശിക്ഷാര്‍ഹവുമാണ് അറിഞ്ഞവന്‍റെ തെറ്റ്? പലപ്പോഴും അറിയാത്തവന്‍ അനുഭവിക്കുന്ന അനുഗ്രഹത്തിന് നീ മുറുമുറുക്കുകയല്ല വേണ്ടത് പകരം, അവനു ലഭിക്കുന്ന കാരുണ്യത്തില്‍ നീ തമ്പുരാനെ സ്തുതിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍